സുൽത്താൻ ബത്തേരി: യുദ്ധം നീണ്ടുപോകുന്നതോടെ അവോക്കാഡൊ വിപണിയിൽ ആവശ്യക്കാർ കുറയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ വർഷങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ടായിരുന്ന അവോക്കാഡോയ്ക്ക് കിലോയ്ക്ക് 240 രൂപവരെ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ വില 100 രൂപയ്ക്ക് താഴെയായി.
കഴിഞ്ഞ മാസം വരെ 150 രൂപയോളം ലഭിച്ചിരുന്ന അവോക്കാഡൊയ്ക്ക് യുദ്ധം ആരംഭിച്ചതോടെ വില കുത്തനെ ഇടിഞ്ഞതായി കച്ചവടക്കാർ പറയുന്നു. ജില്ലയിൽ ഉത്പാദനം വർധിച്ചതും വിപണിയിൽ വില ഇടിയാൻ കാരണമായിട്ടുണ്ട്.
ഏകദേശം 250 ഗ്രാം തൂക്കം വരുന്ന കായകൾ ഇപ്പോൾ കിലോയ്ക്ക് 100 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് വാങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇടനിലക്കാർ മരങ്ങൾ എണ്ണി കായ്കൾ വാങ്ങിയിരുന്നെങ്കിലും ഈ വർഷം കായകൾ പറിച്ച് തൂക്കി മാത്രമാണ് വാങ്ങുന്നത്.
കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. യുദ്ധം ഇനിയും നീണ്ടുപോയാൽ ഈ വർഷവും അവോക്കാഡൊ കർഷകരുടെ പ്രതീക്ഷകൾ തകരുമെന്ന ആശങ്ക ഉയരുന്നുണ്ട്.